2011, ഏപ്രിൽ 26, ചൊവ്വാഴ്ച

സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ : കേന്ദ്രസര്‍ക്കാര്‍ തെറ്റ് തിരുത്തുമോ?

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവയില്‍ നടക്കുന്ന സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ അംഗരാജ്യങ്ങളുടെ അഞ്ചാമത് സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ (conference of the parties) എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ നമ്മുടെ മാതൃരാജ്യം വോട്ടു ചെയ്യും. മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ലോകത്ത്് നിന്നും ഉന്‍മൂലനം ചെയ്യുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന ഈ സമ്മേളനം നേരത്തെ തന്നെ മാധ്യമങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞു. വിവിധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്‍കൈയെടുത്തതിനാല്‍ നമ്മുടെ കൊച്ചു കേരളത്തിലും ഈ സമ്മേളനം ചര്‍ച്ചയായിരിക്കുന്നു. 2010 ഒക്ടോബര്‍ 11 മുതല്‍ 15 വരെ ജനീവയില്‍ നടന്ന സ്ഥാവര കാര്‍ബണിക മാലിന്യ കാരികള്‍ സംബന്ധിച്ച അവലോകന സമിതി (persistent organic pollutans review committee) യുടെ ആറാമത് യോഗമാണ് 3 വര്‍ഷത്തോളം നീണ്ട വിശദവും ശാസ്ത്രീയവുമായ പഠനങ്ങള്‍ക്കും അവലോകനങ്ങള്‍ക്കും ശേഷം എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള തീരുമാനം സമ്പൂര്‍ണ്ണ സമ്മേളനത്തിന്റെ അംഗീകാരത്തിനായി ശുപാര്‍ശ ചെയ്തത്.

ഉപയോഗശേഷം ദീര്‍ഘകാലം ഭൂമിയില്‍ അവശേഷിക്കുകയും പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഗുരുതരമായ ആഘാതങ്ങള്‍ എല്‍പ്പിക്കുകയും ചെയ്യുന്ന മാരക രാസവസ്തുക്കളാണ് സ്ഥാവര കാര്‍ബണിക മാലിന്യ കാരികള്‍ അഥവാ പി.ഒ.പി.കള്‍. കീടനാശിനികളും വ്യാവസായിക കെമിക്കലുകളും ഉപോല്‍പ്പന്നങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. മാരക വിഷാംശമുള്ളതും നശിക്കുന്നതിന് മുമ്പ് വര്‍ഷങ്ങളോളം, ചിലപ്പോള്‍ ദശകങ്ങളോളം ഭൂമിയില്‍ നില നില്‍ക്കുന്നതുമായവയാണ് പി.ഒ.പി കള്‍. വെള്ളത്തിലൂടെയും കാറ്റിലൂടെയും മറ്റും വളരെപ്പെട്ടെന്ന് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നതിനാല്‍ നേരിട്ട് ഉപയോഗിക്കാത്ത പ്രദേശങ്ങളിലും ഇവയുടെ ആഘാതം കാണപ്പെടുന്നു. ഊഷ്മാവ് വര്‍ദ്ധിക്കുമ്പോള്‍ മുകളിലേക്കുയരുകയും കുറയുമ്പോള്‍ താഴേക്ക് താഴുകയും ചെയ്യുന്ന സ്വഭാവം കാണിക്കുന്നതിനാല്‍ (grasshoper effect) തണുപ്പ് കൂടിയ ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കിലും പസഫിക് ദ്വീപിലുമൊക്കെ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജീവികളുടെ കൊഴുപ്പിലേക്ക് വളരെ വേഗം ഇത് ആകര്‍ഷിക്കപ്പെടുന്നു (bioaccumulation). ജീവികളുടെ പ്രത്യുല്‍പ്പാദന പ്രക്രിയയിലൂടെ ഇത് അടുത്ത തലമുറകളിലേക്കും വ്യാപിക്കുന്നു.

ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള പരിസ്ഥിതി സമിതിയാണ് (യു.എന്‍.ഇ.പി.) ഇത്തരം മാരക രാസവസ്തുക്കള്‍ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. 2001 മെയ് 22 ന് സ്വീഡനിലെ സ്‌റ്റോക്‌ഹോമില്‍ ചേര്‍ന്ന കണ്‍വെന്‍ഷനിലാണ് ലോകരാജ്യങ്ങള്‍ ഇത് സംബന്ധമായ ധാരണയിലെത്തിച്ചേര്‍ന്നത്. തുടക്കത്തില്‍ തന്നെ 12 പി.ഒ.പി.കള്‍ ഭൂമൂഖത്ത് നിന്ന് ഉന്മൂലനം ചെയ്യാന്‍ അംഗരാജ്യങ്ങള്‍ ധാരണയായിരുന്നു. 2009 ല്‍ നടന്ന അംഗരാജ്യങ്ങളുടെ സമ്പൂര്‍ണ്ണ സമ്മേളനം 9 രാസവസ്തുക്കള്‍ കൂടി ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു.

പുതുതായി ലിസ്റ്റ് ചെയ്യേണ്ട രാസവസ്തുക്കളെക്കുറിച്ച് പഠനങ്ങള്‍ നടത്താനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനുമായാണ് കണ്‍വെന്‍ഷന് കീഴില്‍ പി.ഒ.പി. അവലോകന സമിതി (POP Review Committee) രൂപീകരിച്ചത്. നിരോധിക്കേണ്ടവ (Elemination) അനക്ഷ്വര്‍ എ, നിയന്ത്രിക്കേണ്ടവ (Restriction) അനക്ഷ്വര്‍ - ബി , മനപ്പൂര്‍വ്വമല്ലാത്ത ഉദ്പാദനം (Unintentional production) അനക്ഷ്വര്‍ - സി എന്നീ തരത്തിലാണ് വിവിധ പിഒപി കളെ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ വര്‍ക്ഷീകരിച്ചിട്ടുള്ളത്. ഇതുവരെ ലിസ്റ്റ് ചെയ്യപ്പെട്ട 21 പിഒപി കളില്‍ 14 എണ്ണമാണ് കീടനാശിനികള്‍. 3 വ്യാവസായിക രാസ വസ്തുക്കളും 5 എണ്ണം ഉപോല്‍പ്പന്നങ്ങളുമാണ്. ഇതില്‍ 17 ഇനങ്ങളാണ് ശാശ്വതമായി നിരോധിക്കേണ്ട അനക്ഷ്വര്‍ - എ യിലുള്ളത്. ഓരോ വര്‍ഷവും യോഗം ചേരുന്ന അവലോകന സമിതിക്ക് മുമ്പിലാണ് നിരോധിക്കേണ്ട രാസവസ്തുക്കള്‍ സംബന്ധിച്ച അപേക്ഷകള്‍ എത്തുന്നത്. 31 അംഗങ്ങളാണ് അവലോകന സമിതിയിലുള്ളത്. നാലു വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. 2008 മുതല്‍ 2012 വരെ ഇന്ത്യ ഈ സമിതിയിലുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പി.ഒപി. അവലോകന സമിതിയുടെ ആറാമത്് യോഗത്തില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ അനക്ഷ്വര്‍- എ യില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകളുടെ തുടക്കം മുതലേ അതിനെ തടസ്സപ്പെടുത്താനാണ് ഇന്ത്യന്‍ പ്രതിനിധിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഡയറക്ടറുമായ ശ്രീമതി ചന്ദാ ചൗധരി ശ്രമിച്ചത്. സമിതിയില്‍ പങ്കെടുത്ത 29 രാജ്യങ്ങളില്‍ 24 ഉം നിരോധനത്തെ അനുകൂലിച്ചപ്പോള്‍ ഇന്ത്യയുള്‍പ്പെടെ 5 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. മൂന്നില്‍ രണ്ട് അംഗങ്ങള്‍ അനുകൂലിച്ചാല്‍ അവലോകന സമിതിക്ക് പി.ഒ.പി.കള്‍ നിരോധിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാമെന്നതിനാല്‍ ഇന്ത്യയുടെ എതിര്‍പ്പ് വൃഥാവിലാവുകയായിരുന്നു.

26.7.2007 ല്‍ യൂറോപ്യന്‍ യൂണിയനാണ് എന്‍ഡോസള്‍ഫാന്‍ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യാനുള്ള നടപടികളെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പി.ഒ.പി. റിവ്യൂ കമ്മിറ്റിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് അവലോകന സമിതി അംഗരാജ്യങ്ങളില്‍ നിന്ന് ഇത് സംബന്ധമായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുകയുണ്ടായി. ഇത്തരത്തില്‍ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച ശേഷമാണ് നിയമപ്രകാരമുള്ള റിസ്‌ക് പ്രൊഫൈല്‍ തയ്യാറാക്കുകയും റിസ്‌ക് മാനേജ്‌മെന്റ് ഇവാലുവേഷന്‍ നടത്തുകയും ചെയ്ത് അവലോകന സമിതി എന്‍ഡോസള്‍ഫാനെ അനക്ഷ്വര്‍-എയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ എന്‍ഡോസള്‍ഫാന്‍ ഉദ്പാദക രാജ്യമാണ്. പ്രതിവര്‍ഷം ലോകത്ത് ഉല്‍പാദിപ്പിക്കപ്പടുന്ന 20000 ടണ്‍ എന്‍ഡോസള്‍ഫാന്റെ നല്ലൊരു പങ്ക് നമ്മുടെ സംഭാവനയാണ്. അതു കൊണ്ടാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള ഏതൊരു നീക്കത്തെയും മുളയിലേ നുള്ളാന്‍ നമ്മുടെ ഭരണാധികാരികള്‍ ശ്രമിക്കുന്നത്. വന്‍കിട കമ്പനികളുടെ താല്‍പ്പര്യമാണ് പലപ്പോഴും സര്‍ക്കാര്‍ നയങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ശേഷമാണ് കേരളത്തില്‍ മാത്രം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതും വില്‍പന നടത്തുന്നതും സര്‍ക്കാര്‍ നിരോധിച്ചത്. വിരോധാഭാസമെന്ന് പറയട്ടെ ഉല്‍പാദനത്തിന് നിരോധനമില്ലാത്തതിനാല്‍ പ്രതിദിനം 5 ടണ്‍ എന്‍ഡോസള്‍ഫാനാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലി. (എച്ച്.ഐ.എല്‍) ഉദ്പാദിപ്പിക്കുന്നത്. രാജ്യത്തൊട്ടാകെ നിരോധനം ബാധകമാക്കിയാലേ ഇത് തടയാന്‍ കഴിയൂ.

കേന്ദ്ര സര്‍ക്കാരിന്റെ കൃഷി വകുപ്പിന് കീഴിലുള്ള കേന്ദ്ര കീടനാശിനി ബോര്‍ഡിനെയാണ് രാജ്യത്ത് കീടനാശിനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജീവികളെയോ പരിസ്ഥിതിയേയോ ഗുരുതരമായി ബാധിക്കുന്ന കീടനാശിനികള്‍ രാജ്യത്ത് നിരോധിക്കാനുള്ള ശുപാര്‍ശ നല്‍കേണ്ടതും ഈ ബോര്‍ഡാണ്. ഇത്തരത്തിലുള്ള ശുപാര്‍ശയനുസരിച്ച് കേന്ദ്ര സര്‍ക്കാരാണ് കീടനാശിനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഈ ബോര്‍ഡിലെ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന രജിസ്‌ട്രേഷന്‍ കമ്മിറ്റിയാണ് രാജ്യത്ത് കീടനാശിനികള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നത്. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കൊണ്ടുള്ള ബഹു. കേരള ഹൈക്കോടതിയുടെ 8.12.2002 ലെ വിധിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധം സംബന്ധിച്ച് രജിസ്‌ട്രേഷന്‍ കമ്മിറ്റി നിയോഗിച്ച ഒ.പി.ദുബെയുടെ നേതൃത്വത്തിലുള്ള പഠനസംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം അന്തിമ തീരുമാനമെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാനെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള ഒ.പി.ദുബെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 1.4.2003 ല്‍ ചേര്‍ന്ന രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗീകരിക്കുകയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. ദുരിതബാധിത മേഖലയായ കാസര്‍കോട് ആരോഗ്യ-സാംക്രമിക രോഗ സംബന്ധമായ പഠനം നടത്താനും സമിതി ശുപാര്‍ശ നല്‍കി. കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗവും വിപണനവും നിരോധിച്ചു കൊണ്ട് 2006 ഒക്‌ടോബര്‍ 31 ന് കേന്ദ്ര കൃഷിമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലും ഈ പഠനത്തെക്കുറിച്ച് പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘങ്ങളുടെ എന്‍ഡോസള്‍ഫാനെതിരെയുള്ള പഠന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും പഠനം നടത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഓരോ വര്‍ഷം കഴിയുന്തോറും കാസര്‍കോട്ടെ മനുഷ്യരിലും ഭൂമിയിലും എന്‍ഡോസള്‍ഫാന്റെ അളവ് സ്വാഭാവികമായിത്തന്നെ കുറയുമെന്നതിനാല്‍ കീടനാശിനി തളിക്കുന്നത് നിര്‍ത്തി 10 വര്‍ഷം പൂര്‍ത്തിയായ ശേഷം നടത്തുന്ന ഈ പഠനം ആരെ സംരക്ഷിക്കാനാണെന്ന് സംശയിക്കേണ്ടതില്ല. ഹൈക്കോടതി വിധിയില്‍ അനുവദിച്ചതു പോലെ സംശയത്തിന്റെ ആനുകൂല്യമെങ്കിലും ജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കാസര്‍കോട് ജില്ലയില്‍ മാത്രം 300 ലേറെ പ്പേരുടെ മരണത്തിനും 4000 ത്തിലധികം പേരുടെ തീരാദുരിതത്തിനും കാരണമായ ഈ മാരകവിഷം രാജ്യത്ത് നിന്ന് മാത്രമല്ല ഭൂമുഖത്തു നിന്നു തന്നെ തുടച്ചൂ നീക്കാനുള്ള സുവര്‍ണ്ണാവസരമാണ് സ്്‌റ്റോക്‌ഹോം സമ്മേളനവേദി. സ്വന്തം രാജ്യത്തെ പൗരന്മാരുടെ ജീവനെക്കാളേറെ കുത്തക കമ്പനികളുടെ പണക്കിഴികള്‍ക്ക് വില കല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തെറ്റു തിരുത്താന്‍ തയ്യാറാകണം. കേരളത്തിലുണ്ടായ ദുരന്തം രാജ്യത്തെ മറ്റു സംസഥാനങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കേണ്ടത്. കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറിനെ മാത്രം മുന്നില്‍ നിര്‍ത്തി ഈ പ്രശ്‌നത്തെ നേരിടാന്‍ സംസ്ഥാനത്തെ ചില രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ മുന്നോട്ടു വന്നിട്ടുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് കേരളത്തില്‍ നിന്നും പോയ സര്‍വ്വകക്ഷി സംഘത്തോട്് കോണ്‍ഗ്രസ്സുകാരനായ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട്. ശരദ് പവാര്‍ വ്യക്തിപരമായി എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമാണെന്നും മന്ത്രിയെന്ന നിലക്ക് പരിമിതികളുണ്ടെന്നുമുള്ള എന്‍.സി.പി. നേതാവ് ടി.പി.പീതാംബരന്‍ മാസ്റ്ററുടെ പ്രസ്താവന ഇതോടൊപ്പം ചേര്‍ത്തു വായിക്കുക.

2010, ജൂലൈ 2, വെള്ളിയാഴ്‌ച

മാങ്കുളത്തുകാര്‍ക്ക് ആശ്വാസമേകി സോളിഡാരിറ്റി കുടിവെള്ള പദ്ധതി സമര്‍പ്പിച്ചു.

ഇടുക്കി: വര്‍ഷങ്ങളായി കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന മാങ്കുളം താളുംകണ്ടം ട്രൈബല്‍ സെറ്റില്‍മെന്റിലെ 125 കുടുംബങ്ങള്‍ക്ക് ആശ്വാസമേകി സോളിഡാരിറ്റിയുടെ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി. പദ്ധതിയുടെ സമര്‍പ്പണം സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ.ബഷീര്‍ നിര്‍വ്വഹിച്ചു.സമൂഹത്തിലെ ദുര്‍ബ്ബലരുടെ സേവനത്തിന് യുവസമൂഹം മുന്നോട്ടു വരണമെന്ന്് അദ്ദേഹം പറഞ്ഞു. സാധാരണ ക്കാരനെ പരിഗണിക്കുന്ന വികസന പദ്ധതികള്‍ക്കായിരിക്കണം ഭരണകൂടങ്ങള്‍ മുന്‍ഗണന നല്‍കേണ്ടത്. ദശലക്ഷക്കണക്കിന് രൂപമുടക്കി നിര്‍മ്മിച്ച പദ്ധതികള്‍ പരാജയപ്പെട്ടിടത്താണ് കേവലം ഒന്നേകാല്‍ ലക്ഷം രൂപ മുടക്കി സോളിഡാരിറ്റി പദ്ധതി പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരെ സഹായിക്കുന്നത് ഏറെ പുണ്യമുള്ള പ്രവൃത്തിയാണെന്നും വെള്ളം, റോഡ് ഉള്‍പ്പെടെയുള്ള എല്ലാറ്റിനും പണം കൊടുക്കേണ്ട നിര്‍ഭാഗ്യകരമായ അവസ്ഥയെ ചെറുക്കണമെന്നും മുഖ്യപ്രഭാഷണത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗം കെ.എ. യൂസുഫ് ഉമരി പറഞ്ഞു.
താളുംകണ്ടം കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എസ്. സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. ആശംസ കളര്‍പ്പിച്ചുകൊണ്ട് മാങ്കുളം ഗ്രാമപഞ്ചായത്ത് അംഗം മാത്യു ജോസ്, ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ എന്‍.യു. ജോണ്‍, മാനുഷ സെക്രട്ടറി ശശികുമാര്‍ കിഴക്കേടം, കാണി മല്ലിവെള്ളയില്‍, കുടിവെള്ള പദ്ധതി ഉപഭോക്തൃ സമിതി ചെയര്‍മാന്‍ കുമാരന്‍ പാറയില്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഷാജി ആലപ്ര സമാപന പ്രസംഗം നടത്തി.

സോളിഡാരിറ്റി മാങ്കുളം യൂണിറ്റ് പ്രസിഡന്റ് മനോജ് താളുംകണ്ടം സ്വാഗതവും ഷാജഹാന്‍ മാങ്കുളംനന്ദിയും പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ദീലീപ്, സെക്രട്ടറി അഷറഫ്, ശിവമണി, ബോബന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സംഘടനകള്‍ സാമൂഹിക പ്രതിബദ്ധത കാണിക്കണം - പാലോളി

കൂട്ടിലങ്ങാടി: ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടനകള്‍ ഏറ്റെടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലോളി മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം കൂട്ടിലങ്ങാടിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജലം അമൂല്യമാണെന്ന അവബോധം ഇനിയും ഉണ്ടായില്ലെങ്കില്‍ സമൂഹത്തിന്റെ കൂട്ടമരണത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കീരംകുണ്ട് അരുമണ്ണയില്‍ പൂര്‍ത്തിയായ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മൂജീബ് റഹ്്മാന്‍, മഞ്ഞളാംകുഴി എം.എല്‍., മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കുഞ്ഞലവി മാസ്റ്റര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് പ്രൊഫ. പി. ഇസ്മായില്‍, പദ്ധതി ചെയര്‍മാന്‍ ടി.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സലീം മമ്പാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ബാസ്.വി.കൂട്ടില്‍ സ്വാഗതവും മേഖലാ പ്രസിഡന്റ് പി.കെ.ആസിഫലി നന്ദിയും പറഞ്ഞു.

തൊളിക്കോട് 'ജനകീയ കുടിവെള്ള പദ്ധതി' നാടിന് സമര്‍പ്പിച്ചു

തൊളിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് തൊളിക്കോട് തേവന്‍പാറ ലക്ഷം വീട് കോളനിയില്‍ സ്ഥാപിച്ച 'ജനകീയ കുടിവെള്ള പദ്ധതി' നാടിന് സമര്‍പ്പിച്ചു. തേവന്‍പാറ ലക്ഷം വീട് കോളനിയില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തൊളിക്കോട് ജങ്ഷനില്‍ പൊതുസമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വികസനം കൊണ്ട് സമൂഹത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഗുണമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാ ജനങ്ങളിലും എത്തുന്നില്ല. കേരളത്തില്‍ വിദേശമദ്യം മോന്തികുടിക്കാന്‍ വേണ്ടിയുള്ള പണത്തിന് യാതൊരുപഞ്ഞവുമില്ല. അപ്പോഴും കുടിവെള്ളത്തിനായി കിലോ മീറ്ററുകള്‍ താണ്ടി പൈപ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന നൂറുകണക്കിന് പേര്‍ നമ്മുടെ നാട്ടിലുണ്ട്. കയറി കിടക്കാനിടമില്ലാതെ ഒരാള്‍ ഒരു സെന്റ് ഭൂമി കൈയേറിയാല്‍ അവന്‍ കൈയേറ്റക്കാരനാവുകയും. 70,000 ഏക്കര്‍ കൈയേറിയവര്‍ ബഹുമാനപ്പെട്ടവരുമാകുന്ന സാമൂഹിക വ്യവസ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ ഏതെങ്കിലും മതത്തില്‍പ്പെട്ടവരല്ലെന്നും അത് മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണെന്നും യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.ഷഫീക്ക് പറഞ്ഞു. ജനങ്ങളില്‍ നിന്നും പിരിച്ചെടുത്തതുക കൊണ്ടാണ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍ അധ്യക്ഷനായിരുന്നു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എ.എസ്. നൂറുദ്ദീന്‍, ജമാഅത്തെ ഇസ്‌ലാമി പാലോട് ഏരിയ ഓര്‍ഗനൈസര്‍ അഷ്‌റഫ് ചുള്ളിമാനൂര്‍, അബ്ദുസ്സലാം, എം.എന്‍. കാസിം, അക്ബര്‍ഷ, പാണയം താജുദ്ദീന്‍, ഷംനാദ്, മുല്ലവനം സലിം, ജോണ്‍സാമുവല്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ജെ.കെ. മുജീബുറഹ്മാന്‍ സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി തൊളിക്കോട് യൂനിറ്റ് പ്രസിഡന്റ് എ. ഷാജഹാന്‍ നന്ദിയും പറഞ്ഞു.

സുരക്ഷാ ഭവന പദ്ധതി - നിര്‍മാണോദ്ഘാടനം നടത്തി

മലപ്പുറം: കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് സന്നദ്ധ സംഘടനകള്‍ വഴി നടപ്പില്ലാക്കുന്ന സുരക്ഷ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സോളിഡാരിറ്റിക്കനുവദിച്ച 25 വീടുകളുടെ നിര്‍മാണോദ്ഘാടനം മലപ്പുറം ജില്ലയിലെ എടക്കരയില്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം റഹ്മത്തുള്ള നിര്‍വഹിച്ചു. കേരളം ഒരു പാട് മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടം നടത്തിയിട്ടുണ്ടെങ്കിലും അടിസ്ഥാനാവശ്യമായ പാര്‍പ്പിടമില്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും ഇവിടെ ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഗവണ്‍മെന്റിന് മാത്രം ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതല്ല സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി. സന്നദ്ധ സംഘടനകളുടേയോ വ്യക്തികളുടേയോ സഹകരണം ഉണ്ടെങ്കില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയും. ആ രംഗത്ത് സോളിഡാരിറ്റി നടത്തുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവനും സാമൂഹിക പങ്കാളിത്തത്തോടു കൂടിയാണെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ജനങ്ങളുടെ കൂടി ബാധ്യതയാണ് ഇത്തരം സേവന പ്രവര്‍ത്തനങ്ങളെന്നും പദ്ധതി സമര്‍പ്പിച്ച് കൊണ്ട് സംസാരിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ പറഞ്ഞു. നന്മയില്‍ വിശ്വസിക്കുന്ന ആരുമായും സഹകരിക്കുവാന്‍ സോളിഡാരിറ്റി സന്നദ്ധമാണ്.
ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളില്‍ സോളിഡാരിറ്റിയുടെ പങ്ക് മാതൃകാ പരമാണെന്നും പാര്‍പ്പിട പദ്ധതി പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതോടൊപ്പം തന്നെ കോടികണക്കിന് രൂപ ചിലവഴിച്ച് കൊട്ടാരതുല്യമായ വീടുകള്‍ നിര്‍മ്മിക്കുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തണമെന്നും ചടങ്ങില്‍മുഖ്യാതിഥിയായിരുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ പറഞ്ഞു.
എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ , ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി അവറു മാസ്റ്റര്‍, വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.കെ.കുഞ്ഞാപ്പു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സലീം മമ്പാട് അധ്യക്ഷത വഹിച്ചു സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ.എ.വഹാബ് നന്ദിയും പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പുനരധിവാസം: എന്‍മകജെയില്‍ വീട് കൈമാറ്റം നടത്തി

മണിയമ്പാറ: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടിന്റെ കൈമാറ്റം നടത്തി. എന്‍മകജെ മണിയമ്പാറയിലെ അന്ധനായ അബ്ദുല്ലക്ക് താക്കോല്‍ നല്‍കിക്കൊണ്ട് എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പ അമെക്കള ഉദ്ഘാടനം നിര്‍വ്വഹിച്ചു. സോളിഡാരിറ്റി ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നതെന്ന് അവര്‍ പറഞ്ഞു.

സമരപോരാട്ടങ്ങളോടൊപ്പം രൂപീകരണകാലം മുതല്‍ തന്നെ സേവനസംരംഭങ്ങള്‍ക്കും സോളിഡാരിറ്റി പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറി കെ.കെ.ബഷീര്‍ പറഞ്ഞു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കും.

എന്‍ഡോസള്‍ഫാന്‍ പുനരധിവാസം രണ്ടാംഘട്ടം: പുത്തിഗെയില്‍ ഭവനനിര്‍മ്മാണം ആരംഭിച്ചു

ജോഗിത്തൊടി: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സോളിഡാരിറ്റി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ ഭവനനിര്‍മ്മാണം ആരംഭിച്ചു. ശരീരം തളര്‍ന്ന ജോഗിത്തൊടിയിലെ നാരായണന് നിര്‍മ്മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ.ബഷീര്‍ നിര്‍വ്വഹിച്ചു. സമൂഹത്തിലെ അവശതയനുഭവിക്കുന്നവര്‍ക്കു വേണ്ടി ഒരേസമയം പോരാട്ടത്തിന്റെയും സേവനത്തിന്റെയും മുഖത്തോടെയാണ് സോളിഡാരിറ്റി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാംഘട്ട പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പുത്തിഗെ ഉള്‍പ്പെടെ പുതുതായി ആറു പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമയബന്ധിതമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുത്തിഗെ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി ഹാജി, വാര്‍ഡ് മെമ്പര്‍ പുഷ്പാവതി, മുഗു സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നാരായണന്‍, കാസര്‍കോട് ഗവ.അന്ധവിദ്യാലയത്തിലെ ഹെഡ്മാസ്റ്റര്‍ കെ.സത്യശീലന്‍, എസ്.ഐ.ഒ. ജില്ലാ പ്രസിഡന്റ് ടി.എം.സി.സിയാദലി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി സി.എ.മൊയ്തീന്‍കുഞ്ഞി, പുനരധിവാസ പദ്ധതി ഭവനനിര്‍മ്മാണ കണ്‍വീനര്‍ ബി.കെ.മുഹമ്മദ്കുഞ്ഞി, തൊഴില്‍ വിഭാഗം കണ്‍വീനര്‍ അഷറഫ് ബായാര്‍, എസ്.ഐ.ഒ. ജില്ലാ സെക്രട്ടറി റാഷിദ് മുഹിയുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.