2011 ഏപ്രിൽ 26, ചൊവ്വാഴ്ച

സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ : കേന്ദ്രസര്‍ക്കാര്‍ തെറ്റ് തിരുത്തുമോ?

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവയില്‍ നടക്കുന്ന സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ അംഗരാജ്യങ്ങളുടെ അഞ്ചാമത് സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ (conference of the parties) എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ നമ്മുടെ മാതൃരാജ്യം വോട്ടു ചെയ്യും. മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ലോകത്ത്് നിന്നും ഉന്‍മൂലനം ചെയ്യുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന ഈ സമ്മേളനം നേരത്തെ തന്നെ മാധ്യമങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞു. വിവിധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്‍കൈയെടുത്തതിനാല്‍ നമ്മുടെ കൊച്ചു കേരളത്തിലും ഈ സമ്മേളനം ചര്‍ച്ചയായിരിക്കുന്നു. 2010 ഒക്ടോബര്‍ 11 മുതല്‍ 15 വരെ ജനീവയില്‍ നടന്ന സ്ഥാവര കാര്‍ബണിക മാലിന്യ കാരികള്‍ സംബന്ധിച്ച അവലോകന സമിതി (persistent organic pollutans review committee) യുടെ ആറാമത് യോഗമാണ് 3 വര്‍ഷത്തോളം നീണ്ട വിശദവും ശാസ്ത്രീയവുമായ പഠനങ്ങള്‍ക്കും അവലോകനങ്ങള്‍ക്കും ശേഷം എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള തീരുമാനം സമ്പൂര്‍ണ്ണ സമ്മേളനത്തിന്റെ അംഗീകാരത്തിനായി ശുപാര്‍ശ ചെയ്തത്.

ഉപയോഗശേഷം ദീര്‍ഘകാലം ഭൂമിയില്‍ അവശേഷിക്കുകയും പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഗുരുതരമായ ആഘാതങ്ങള്‍ എല്‍പ്പിക്കുകയും ചെയ്യുന്ന മാരക രാസവസ്തുക്കളാണ് സ്ഥാവര കാര്‍ബണിക മാലിന്യ കാരികള്‍ അഥവാ പി.ഒ.പി.കള്‍. കീടനാശിനികളും വ്യാവസായിക കെമിക്കലുകളും ഉപോല്‍പ്പന്നങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. മാരക വിഷാംശമുള്ളതും നശിക്കുന്നതിന് മുമ്പ് വര്‍ഷങ്ങളോളം, ചിലപ്പോള്‍ ദശകങ്ങളോളം ഭൂമിയില്‍ നില നില്‍ക്കുന്നതുമായവയാണ് പി.ഒ.പി കള്‍. വെള്ളത്തിലൂടെയും കാറ്റിലൂടെയും മറ്റും വളരെപ്പെട്ടെന്ന് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നതിനാല്‍ നേരിട്ട് ഉപയോഗിക്കാത്ത പ്രദേശങ്ങളിലും ഇവയുടെ ആഘാതം കാണപ്പെടുന്നു. ഊഷ്മാവ് വര്‍ദ്ധിക്കുമ്പോള്‍ മുകളിലേക്കുയരുകയും കുറയുമ്പോള്‍ താഴേക്ക് താഴുകയും ചെയ്യുന്ന സ്വഭാവം കാണിക്കുന്നതിനാല്‍ (grasshoper effect) തണുപ്പ് കൂടിയ ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കിലും പസഫിക് ദ്വീപിലുമൊക്കെ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജീവികളുടെ കൊഴുപ്പിലേക്ക് വളരെ വേഗം ഇത് ആകര്‍ഷിക്കപ്പെടുന്നു (bioaccumulation). ജീവികളുടെ പ്രത്യുല്‍പ്പാദന പ്രക്രിയയിലൂടെ ഇത് അടുത്ത തലമുറകളിലേക്കും വ്യാപിക്കുന്നു.

ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള പരിസ്ഥിതി സമിതിയാണ് (യു.എന്‍.ഇ.പി.) ഇത്തരം മാരക രാസവസ്തുക്കള്‍ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. 2001 മെയ് 22 ന് സ്വീഡനിലെ സ്‌റ്റോക്‌ഹോമില്‍ ചേര്‍ന്ന കണ്‍വെന്‍ഷനിലാണ് ലോകരാജ്യങ്ങള്‍ ഇത് സംബന്ധമായ ധാരണയിലെത്തിച്ചേര്‍ന്നത്. തുടക്കത്തില്‍ തന്നെ 12 പി.ഒ.പി.കള്‍ ഭൂമൂഖത്ത് നിന്ന് ഉന്മൂലനം ചെയ്യാന്‍ അംഗരാജ്യങ്ങള്‍ ധാരണയായിരുന്നു. 2009 ല്‍ നടന്ന അംഗരാജ്യങ്ങളുടെ സമ്പൂര്‍ണ്ണ സമ്മേളനം 9 രാസവസ്തുക്കള്‍ കൂടി ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു.

പുതുതായി ലിസ്റ്റ് ചെയ്യേണ്ട രാസവസ്തുക്കളെക്കുറിച്ച് പഠനങ്ങള്‍ നടത്താനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനുമായാണ് കണ്‍വെന്‍ഷന് കീഴില്‍ പി.ഒ.പി. അവലോകന സമിതി (POP Review Committee) രൂപീകരിച്ചത്. നിരോധിക്കേണ്ടവ (Elemination) അനക്ഷ്വര്‍ എ, നിയന്ത്രിക്കേണ്ടവ (Restriction) അനക്ഷ്വര്‍ - ബി , മനപ്പൂര്‍വ്വമല്ലാത്ത ഉദ്പാദനം (Unintentional production) അനക്ഷ്വര്‍ - സി എന്നീ തരത്തിലാണ് വിവിധ പിഒപി കളെ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ വര്‍ക്ഷീകരിച്ചിട്ടുള്ളത്. ഇതുവരെ ലിസ്റ്റ് ചെയ്യപ്പെട്ട 21 പിഒപി കളില്‍ 14 എണ്ണമാണ് കീടനാശിനികള്‍. 3 വ്യാവസായിക രാസ വസ്തുക്കളും 5 എണ്ണം ഉപോല്‍പ്പന്നങ്ങളുമാണ്. ഇതില്‍ 17 ഇനങ്ങളാണ് ശാശ്വതമായി നിരോധിക്കേണ്ട അനക്ഷ്വര്‍ - എ യിലുള്ളത്. ഓരോ വര്‍ഷവും യോഗം ചേരുന്ന അവലോകന സമിതിക്ക് മുമ്പിലാണ് നിരോധിക്കേണ്ട രാസവസ്തുക്കള്‍ സംബന്ധിച്ച അപേക്ഷകള്‍ എത്തുന്നത്. 31 അംഗങ്ങളാണ് അവലോകന സമിതിയിലുള്ളത്. നാലു വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. 2008 മുതല്‍ 2012 വരെ ഇന്ത്യ ഈ സമിതിയിലുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പി.ഒപി. അവലോകന സമിതിയുടെ ആറാമത്് യോഗത്തില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ അനക്ഷ്വര്‍- എ യില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകളുടെ തുടക്കം മുതലേ അതിനെ തടസ്സപ്പെടുത്താനാണ് ഇന്ത്യന്‍ പ്രതിനിധിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഡയറക്ടറുമായ ശ്രീമതി ചന്ദാ ചൗധരി ശ്രമിച്ചത്. സമിതിയില്‍ പങ്കെടുത്ത 29 രാജ്യങ്ങളില്‍ 24 ഉം നിരോധനത്തെ അനുകൂലിച്ചപ്പോള്‍ ഇന്ത്യയുള്‍പ്പെടെ 5 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. മൂന്നില്‍ രണ്ട് അംഗങ്ങള്‍ അനുകൂലിച്ചാല്‍ അവലോകന സമിതിക്ക് പി.ഒ.പി.കള്‍ നിരോധിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാമെന്നതിനാല്‍ ഇന്ത്യയുടെ എതിര്‍പ്പ് വൃഥാവിലാവുകയായിരുന്നു.

26.7.2007 ല്‍ യൂറോപ്യന്‍ യൂണിയനാണ് എന്‍ഡോസള്‍ഫാന്‍ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യാനുള്ള നടപടികളെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പി.ഒ.പി. റിവ്യൂ കമ്മിറ്റിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് അവലോകന സമിതി അംഗരാജ്യങ്ങളില്‍ നിന്ന് ഇത് സംബന്ധമായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുകയുണ്ടായി. ഇത്തരത്തില്‍ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച ശേഷമാണ് നിയമപ്രകാരമുള്ള റിസ്‌ക് പ്രൊഫൈല്‍ തയ്യാറാക്കുകയും റിസ്‌ക് മാനേജ്‌മെന്റ് ഇവാലുവേഷന്‍ നടത്തുകയും ചെയ്ത് അവലോകന സമിതി എന്‍ഡോസള്‍ഫാനെ അനക്ഷ്വര്‍-എയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ എന്‍ഡോസള്‍ഫാന്‍ ഉദ്പാദക രാജ്യമാണ്. പ്രതിവര്‍ഷം ലോകത്ത് ഉല്‍പാദിപ്പിക്കപ്പടുന്ന 20000 ടണ്‍ എന്‍ഡോസള്‍ഫാന്റെ നല്ലൊരു പങ്ക് നമ്മുടെ സംഭാവനയാണ്. അതു കൊണ്ടാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള ഏതൊരു നീക്കത്തെയും മുളയിലേ നുള്ളാന്‍ നമ്മുടെ ഭരണാധികാരികള്‍ ശ്രമിക്കുന്നത്. വന്‍കിട കമ്പനികളുടെ താല്‍പ്പര്യമാണ് പലപ്പോഴും സര്‍ക്കാര്‍ നയങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ശേഷമാണ് കേരളത്തില്‍ മാത്രം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതും വില്‍പന നടത്തുന്നതും സര്‍ക്കാര്‍ നിരോധിച്ചത്. വിരോധാഭാസമെന്ന് പറയട്ടെ ഉല്‍പാദനത്തിന് നിരോധനമില്ലാത്തതിനാല്‍ പ്രതിദിനം 5 ടണ്‍ എന്‍ഡോസള്‍ഫാനാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലി. (എച്ച്.ഐ.എല്‍) ഉദ്പാദിപ്പിക്കുന്നത്. രാജ്യത്തൊട്ടാകെ നിരോധനം ബാധകമാക്കിയാലേ ഇത് തടയാന്‍ കഴിയൂ.

കേന്ദ്ര സര്‍ക്കാരിന്റെ കൃഷി വകുപ്പിന് കീഴിലുള്ള കേന്ദ്ര കീടനാശിനി ബോര്‍ഡിനെയാണ് രാജ്യത്ത് കീടനാശിനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജീവികളെയോ പരിസ്ഥിതിയേയോ ഗുരുതരമായി ബാധിക്കുന്ന കീടനാശിനികള്‍ രാജ്യത്ത് നിരോധിക്കാനുള്ള ശുപാര്‍ശ നല്‍കേണ്ടതും ഈ ബോര്‍ഡാണ്. ഇത്തരത്തിലുള്ള ശുപാര്‍ശയനുസരിച്ച് കേന്ദ്ര സര്‍ക്കാരാണ് കീടനാശിനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഈ ബോര്‍ഡിലെ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന രജിസ്‌ട്രേഷന്‍ കമ്മിറ്റിയാണ് രാജ്യത്ത് കീടനാശിനികള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നത്. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കൊണ്ടുള്ള ബഹു. കേരള ഹൈക്കോടതിയുടെ 8.12.2002 ലെ വിധിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധം സംബന്ധിച്ച് രജിസ്‌ട്രേഷന്‍ കമ്മിറ്റി നിയോഗിച്ച ഒ.പി.ദുബെയുടെ നേതൃത്വത്തിലുള്ള പഠനസംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം അന്തിമ തീരുമാനമെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാനെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള ഒ.പി.ദുബെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 1.4.2003 ല്‍ ചേര്‍ന്ന രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗീകരിക്കുകയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. ദുരിതബാധിത മേഖലയായ കാസര്‍കോട് ആരോഗ്യ-സാംക്രമിക രോഗ സംബന്ധമായ പഠനം നടത്താനും സമിതി ശുപാര്‍ശ നല്‍കി. കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗവും വിപണനവും നിരോധിച്ചു കൊണ്ട് 2006 ഒക്‌ടോബര്‍ 31 ന് കേന്ദ്ര കൃഷിമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലും ഈ പഠനത്തെക്കുറിച്ച് പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘങ്ങളുടെ എന്‍ഡോസള്‍ഫാനെതിരെയുള്ള പഠന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും പഠനം നടത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഓരോ വര്‍ഷം കഴിയുന്തോറും കാസര്‍കോട്ടെ മനുഷ്യരിലും ഭൂമിയിലും എന്‍ഡോസള്‍ഫാന്റെ അളവ് സ്വാഭാവികമായിത്തന്നെ കുറയുമെന്നതിനാല്‍ കീടനാശിനി തളിക്കുന്നത് നിര്‍ത്തി 10 വര്‍ഷം പൂര്‍ത്തിയായ ശേഷം നടത്തുന്ന ഈ പഠനം ആരെ സംരക്ഷിക്കാനാണെന്ന് സംശയിക്കേണ്ടതില്ല. ഹൈക്കോടതി വിധിയില്‍ അനുവദിച്ചതു പോലെ സംശയത്തിന്റെ ആനുകൂല്യമെങ്കിലും ജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കാസര്‍കോട് ജില്ലയില്‍ മാത്രം 300 ലേറെ പ്പേരുടെ മരണത്തിനും 4000 ത്തിലധികം പേരുടെ തീരാദുരിതത്തിനും കാരണമായ ഈ മാരകവിഷം രാജ്യത്ത് നിന്ന് മാത്രമല്ല ഭൂമുഖത്തു നിന്നു തന്നെ തുടച്ചൂ നീക്കാനുള്ള സുവര്‍ണ്ണാവസരമാണ് സ്്‌റ്റോക്‌ഹോം സമ്മേളനവേദി. സ്വന്തം രാജ്യത്തെ പൗരന്മാരുടെ ജീവനെക്കാളേറെ കുത്തക കമ്പനികളുടെ പണക്കിഴികള്‍ക്ക് വില കല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തെറ്റു തിരുത്താന്‍ തയ്യാറാകണം. കേരളത്തിലുണ്ടായ ദുരന്തം രാജ്യത്തെ മറ്റു സംസഥാനങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കേണ്ടത്. കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറിനെ മാത്രം മുന്നില്‍ നിര്‍ത്തി ഈ പ്രശ്‌നത്തെ നേരിടാന്‍ സംസ്ഥാനത്തെ ചില രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ മുന്നോട്ടു വന്നിട്ടുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് കേരളത്തില്‍ നിന്നും പോയ സര്‍വ്വകക്ഷി സംഘത്തോട്് കോണ്‍ഗ്രസ്സുകാരനായ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട്. ശരദ് പവാര്‍ വ്യക്തിപരമായി എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമാണെന്നും മന്ത്രിയെന്ന നിലക്ക് പരിമിതികളുണ്ടെന്നുമുള്ള എന്‍.സി.പി. നേതാവ് ടി.പി.പീതാംബരന്‍ മാസ്റ്ററുടെ പ്രസ്താവന ഇതോടൊപ്പം ചേര്‍ത്തു വായിക്കുക.