കേരള സര്‍ക്കാരിന്റെ കീഴിലെ പ്ളാന്റേഷന്‍ കോര്‍പറേഷന്‍ ഓഫ് കേരളയുടെ കീഴില്‍ കാസര്‍ഗോട്ടെ എണ്ണായിരത്തോളം ഏക്കര്‍ ഭൂമിയിലാണ് കശുമാവ് കൃഷി ചെയ്യുന്നത്. കശുമാവിന്‍ പൂക്കളെ നശിപ്പിക്കുന്ന തേയിലക്കൊതുകിനെ നശിപ്പിക്കുന്നതിന് 1963 മുതല്‍ 1980 വരെ എന്‍ഡ്രീന്‍ എന്ന കീടനാശിനി തളിച്ചിരുന്നു. 1980 മുതല്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. യാതൊരു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെയാണ് എന്‍ഡോസള്‍ഫാന്‍ നിര്‍ബാധം ആ ജനതക്ക് മേല്‍ പെയ്തുകൊണ്ടിരുന്നത്. വായുവും മണ്ണും ജലാശയങ്ങളും വിഷമയമായി. ജില്ലയിലെ 11 പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ ഇതിന്റെ ഇരകളായി. കാന്‍സര്‍, അംഗവൈകല്യം, അപസ്മാരം, വളര്‍ച്ചക്കുറവ്, അന്ധത, ബധിരത, ശരീരഭാഗങ്ങളുടെ അമിതമായ വളര്‍ച്ച, സോറിയാസിസ് തുടങ്ങി വിവിധ രോഗങ്ങളാണ് 4000-ല്‍ അധികം പേര്‍ക്ക് ബാധിച്ചിട്ടുള്ളത്. 200-ലധികം ആളുകള്‍ക്ക് ജീവഹാനി നേരിട്ടു. ഇതിനുപുറമെ രോഗം തീര്‍ത്ത കടുത്ത ദാരിദ്ര്യവും. 2002-ല്‍ കേരള ഹൈക്കോടതിയും 2004-ല്‍ സംസ്ഥാനസര്‍ക്കാരും 2005-ല്‍ കേന്ദ്രസര്‍ക്കാരും കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗവും വില്‍പ്പനയും നിരോധിച്ചു.
ദുരിതബാധിതര്‍ക്ക് സമഗ്രമായ ഒരു പുനരധിവാസ പദ്ധതി എന്ന ആശയത്തില്‍ നിന്നും സംസ്ഥാനസര്‍ക്കാര്‍ പിന്നോട്ട് പോയ സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ബഹുമുഖ പുനരധിവാസ പദ്ധതി എന്ന ആശയം സോളിഡാരിറ്റി യൂത്ത്മൂവ്മെന്റിന്റെ മുമ്പില്‍ വരുന്നത്. കേരളത്തിലെ നിരാലംബരായ 450-ലധികം കുടുംബങ്ങള്‍ക്ക് സ്വന്തം അധ്വാനവും ഉദാരമതികളുടെ സാമ്പത്തിക സഹായവും ചേര്‍ത്ത് വീട് നിര്‍മിച്ചുനല്‍കാന്‍ കഴിഞ്ഞ അനുഭവവും ആവേശവും ഈ പുതിയ പദ്ധതി ഏറ്റെടുക്കാന്‍ സഹായകമായി.
ദുരിതബാധിതര്‍ ഏറെയുള്ള എന്‍മകജെ, കുമ്പടാജെ, മുളിയാര്‍, കയ്യൂര്‍, ചീമേനി, പുല്ലൂര്‍-പെരിയ എന്നീ അഞ്ച് പഞ്ചായത്തുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുത്തത്. പദ്ധതിക്കാവശ്യമായ പണം കേരളീയ സമൂത്തില്‍ നിന്നാണ് പിരിച്ചെടുത്തത്. സോളിഡാരിറ്റിയുടെ പ്രതീക്ഷകളെ കവച്ചുവെക്കുന്ന ആവേശകരമായ പ്രതികരണമാണ് കേരളീയ സമൂഹത്തില്‍ നിന്നും ലഭിച്ചത്. പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് വിവിധ ടീമുകളുടെ നേതൃത്വത്തില്‍ വിശദമായ സര്‍വ്വേ നടന്നു. പ്രത്യേകം തയ്യാറാക്കിയ ഫോറത്തില്‍ വീടുകളില്‍ നിന്നും നേരിട്ട് വിരങ്ങള്‍ ശേഖരിക്കുന്ന രീതിയാണ് അവലംബിച്ചത്. തിരഞ്ഞെടുത്ത മുഴുവന്‍ ഉപഭോക്താക്കളെയും ഭവനനിര്‍മ്മാണം, ചികിത്സ, ഭക്ഷ്യറേഷന്‍, തൊഴില്‍, വിദ്യാഭ്യാസം എന്നീ 5 വിഭാഗങ്ങളിലായി ക്രമീകരിച്ചു.
കാല്‍ നൂറ്റാണ്ടുകാലത്തെ വിഷമഴമൂലം കഷ്ടതയനുഭവിക്കുന്ന 450 കുടുംബങ്ങള്‍ക്കാണ് സോളിഡാരിറ്റിയുടെ പുനരധിവാസപദ്ധതിയിലൂടെ പുതുജീവിതം ലഭിച്ചത്. കേരളീയ സമൂഹത്തിന്റെ അകമഴിഞ്ഞ സാമ്പത്തികസഹായവും സോളിഡാരിറ്റിയുടെയും അനുഭാവികളുടെയും അക്ഷീണമായ പ്രയത്നവും മൂലമാണ് ഈ ബൃഹത്പദ്ധതി വന്‍വിജയമാക്കാന്‍ സാധിച്ചത്.
ദുരിതബാധിതര്‍ക്ക് ചികിത്സ നിര്‍ണയിക്കുന്നതിന് വിവിധ പഞ്ചായത്തുകളിലായി അഞ്ചു മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. 'എത്തിക്കല്‍ മെഡിക്കല്‍ ഫോറം' പ്രവര്‍ത്തകരായ വിദഗ്ധ ഡോക്ടര്‍മാരാണ് ക്യാമ്പുകളില്‍ രോഗികളെ പരിശോധിച്ചത്. 400 രോഗികളാണ് ക്യാമ്പുകളിലെത്തിയത്. ക്യാമ്പുകളിലേക്ക് രോഗികളെ എത്തിക്കുന്ന വാഹനസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ക്യാമ്പിലെത്തിക്കാന്‍ കഴിയാത്ത രോഗികളുടെ വീടുകളിലേക്ക് ഡോക്ടര്‍മാര്‍ നേരിട്ടുപോയി പരിശോധനനടത്തിയത് ഏറെ പ്രയോജനപ്പെട്ടു. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ വീടുകളില്‍ നേരിട്ട് എത്തിച്ചാണ് വിതരണം ചെയ്യുന്നത്.
ഇതോടൊപ്പം 12 രോഗികള്‍ക്ക് വിവിധ ആയുര്‍വേദ ആശുപത്രികളില്‍ ചികിത്സ നല്‍കിയിട്ടുണ്ട്. കൈകാല്‍ ചലനശേഷിക്കുറവ്, സോറിയാസിസ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച രോഗികള്‍ക്ക് ചികിത്സയിലൂടെ ആശ്വാസം ലഭിച്ചു. നിരവധി രോഗികള്‍ ആശ്രയിക്കുന്ന കയ്യൂര്‍-ചീമേനി ആയുര്‍വേദാശുപത്രിയില്‍ തിരുമ്മുചികിത്സ നടത്തുന്നതിനാവശ്യമായ വിദഗ്ധനെ പദ്ധതിചെലവില്‍ താല്‍ക്കാലികമായി നിയമിച്ചു.
സോളിഡാരിറ്റിയുടെ ഡിസൈന്‍ ടീം തയ്യാറാക്കിയ പ്ളാനനസരിച്ച് 400 ചതുരശ്ര അടി വിസ്തീര്‍ണ വരുന്ന 17 വീടുകളാണ് പുതുതായി നിര്‍മിച്ചത്. കൂടാതെ 17 വീടുകളുടെ അറ്റകുറ്റപ്പണികളും നടത്തി. അറ്റകുറ്റപ്പണികള്‍ പലതും പുതിയ വീട് നിര്‍മിക്കുന്നതിനു തുല്യമായിരുന്നു. തകര്‍ന്ന മേല്‍ക്കൂര മാറ്റിസ്ഥാപിക്കല്‍, ഭിത്തി-തറ തേപ്പ്, വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, കക്കൂസ്, കിണര്‍ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ നടത്തിയത്. ഒരു ലക്ഷം രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെയാണ് പുതിയ വീടുനിര്‍മാണത്തിന് ചെലവായത്. 15,000 രൂപ മുതല്‍ 50,000 രൂപ വരെ അറ്റകുറ്റപ്പണികള്‍ക്ക് ചെലവായി.
കുടുംബങ്ങളിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് 500 രൂപ മുതല്‍ 1000 രൂപ വരെയുള്ള തുകക്കുള്ള ഭക്ഷ്യവിഭവങ്ങളാണ് ഓരോ മാസവും വിതരണം നടത്തിയത്. അരി, പഞ്ചസാര, മുളക് തുടങ്ങി 19 ഇനം സാധനങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ സഞ്ചിയില്‍ നേരിട്ട് ദുരിതബാധിതരുടെ വീടുകളിലെത്തിച്ചു കൊടുക്കുന്ന രീതിയാണ് സ്വീകരിച്ചത്. എന്‍മകജെ പഞ്ചായത്തില്‍ 73 കുടുംബങ്ങള്‍ക്കും കുമ്പടാജെയില്‍ 61 കുടുംബങ്ങള്‍ക്കും മൂളിയാറില്‍ 57 കുടുംബങ്ങള്‍ക്കും പുല്ലൂര്‍പെരിയയില്‍ 13 കുടുംബങ്ങള്‍ക്കും കയ്യൂര്‍ ചീമേനിയില്‍ 40 കുടുംബങ്ങള്‍ക്കും ഉള്‍പ്പെടെ 244 കുടുംബങ്ങള്‍ക്കാണ് റേഷന്‍ നല്‍കിയത്. ഇതിനുപുറമെ നിരവധി കുടുംബങ്ങള്‍ക്ക് ഭാഗികമായും റേഷന്‍ നല്‍കിയിട്ടുണ്ട്.
ദുരിതമേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ തൊഴില്‍രംഗത്ത് ബൃഹത് പദ്ധതികള്‍ നടപ്പാക്കുന്നതിന് തടസ്സമായി. 5 കുടുംബങ്ങള്‍ക്ക് തയ്യല്‍മെഷീന്‍ വിതരണം, 2 കുടുംബങ്ങള്‍ക്ക് കാലിതൊഴുത്ത് നിര്‍മ്മാണം, ഒരു കുടുംബത്തിന് പുതിയ പശു വിതരണം, 3 കുടുംബങ്ങള്‍ക്ക് നിലവിലുള്ള കച്ചവടം വിപുലീകരണത്തിന് സഹായം, ഒരു കുടുംബത്തിന് പുതിയ പെട്ടിക്കട എന്നിങ്ങനെയാണ് ഈ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടുപേരെ ലാബ് ടെക്നീഷ്യന്‍ കോഴ്സിനും ഒരാളെ കമ്പ്യൂട്ടര്‍ കോഴ്സിനും ചേര്‍ത്ത് പരിശീലനം നല്‍കി.
സ്കൂള്‍ അധ്യയനവര്‍ഷാരംഭത്തില്‍ പുസ്തകം, സ്കൂള്‍ ബാഗ്, യൂണിഫോം, കുട തുടങ്ങിയവ ദുരിതബാധിതരായ 60 കുട്ടികളുടെ വീടുകളിലെത്തിച്ചു. വൈകല്യം മൂലം സ്കൂള്‍ പഠനം അവതാളത്തിലായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പോകുന്നതിന് വാഹനസൌകര്യം ഏര്‍പ്പെടുത്തി. ക്രിസ്തുമസ് അവധിക്കാലത്ത് രോഗികളായ വിദ്യാര്‍ഥികളുടെയും രോഗികളുടെ കുടുംബങ്ങളിലുള്ള മറ്റു വിദ്യാര്‍ഥികളുടെയും സംഗമം സംഘടിപ്പിച്ചു. ഈ മേഖലയിലെ വിദഗ്ധര്‍ നയിച്ച ക്ളാസുകള്‍ വിദ്യാര്‍ഥികളെ ശാക്തീകരിക്കുന്നതായിരുന്നു. ദുരിതമേഖലയിലെ വാണിനഗര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ളാസ് സംഘടിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി കാസര്‍കോഡ് ജില്ലാ പ്രസിഡണ്ട് പി.കെ. അബൂബക്കര്‍ നദ്വി ചെയര്‍മാനായും കെ.കെ. ബഷീര്‍ കോ-ഓര്‍ഡിനേറ്ററായും രൂപീകരിച്ചിട്ടുള്ള സ്റിയറിങ് കമ്മിറ്റിയാണ് പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം കണ്‍വീനര്‍മാരെയും നിശ്ചയിച്ചിരുന്നു. സോളിഡാരിറ്റിയുടെ ഈ പദ്ധതികൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും യുവജനസംഘടനകളും ഈ രംഗത്തേക്ക് കടന്നുവരേണ്ടിയിരിക്കുന്നു.